Call us on : +91 9526043333,

kaliyarmadam.ottapalam@gmail.com

വിഷ്ണുമായ സ്വാമി

പന്ത്രണ്ടു വർഷത്തിലൊരിക്കൽ പള്ളിനായാട്ടിനു പോയ പരമശിവൻ, വനത്തിനുള്ളിൽ നിന്നും ഗന്ധർവ്വ കിന്നരസാന്നിദ്ധ്യമുള്ള ഒരു ഗാനം കേട്ടു. ദേവീ ഭക്തയും വേടതരുണിയുമായ കൂളിവാക എന്ന സുന്ദരിയായിരുന്നു അത്. കൂളിവനത്തിന്റെ ആ ഏകാന്തതയിൽ വച്ച് മാരവൈരിയാണെങ്കിലും ഭഗവാൻ ശ്രീ പരമേശ്വരൻ കാമപരവശനായി എല്ലാം മറന്നു കൂളിവാക എന്ന സുന്ദരിയെ പ്രാപിക്കുവാൻ നിശ്ചയിക്കുകയും തിരിച്ചു വരുന്ന സമയം അറിയിച്ചു പള്ളിനായാട്ടിനു പുറപ്പെടുകയും ചെയ്തു.

പാർവതി ഭക്തയായ കൂളിവാക കാത്തുനില്കാനുള്ള ഭഗവാൻറെ കല്പന കാമമോഹിതമാണെന്നും ഇഷ്ട ദേവിയുടെ നാഥനെ പ്രാപിക്കുന്നത് മഹാപാപമാണെന്നു തിരിച്ചറിഞ്ഞു വല്ലാതെ വിഷമിച്ചു.അവൾ തന്റെ ആരാധ്യയായ പാർവതി ദേവിയെ സ്തുതിച്ചു. ഭക്ത പ്രിയയായ ദേവി തൽക്ഷണം പ്രത്യക്ഷപ്പെട്ട് കാര്യമെല്ലാം ഗ്രഹിച്ചു. കൂളിവാകയുടെ നിഷ്കളങ്ക ഭക്തിയിൽ സംപ്രീതയായ ദേവി അവളെ ആശ്വസിപ്പിച്ചിട്ട് കൂളിവാകയുടെ പൂർവകഥ അറിയിച്ചു.

പൂർവ്വ ജന്മത്തിൽ കൈലാസത്തിലെ പരിചരിണി ആയിരുന്ന മനസ്വിനിയെന്ന യക്ഷിണിയായിരുന്നു കൂളിവാക. ഒരിക്കലവൾ ഉണ്ണിഗണപതിയെ മുലയൂട്ടി. തൻറെ പരിചാരിണിയായ യക്ഷിണി തൻറെ മകനെ മുലയൂട്ടിയെന്നറിഞ്ഞപ്പോൾ പർവ്വതീദേവിക്ക് സഹിച്ചില്ല. ഭൂമിയിലെ ചണ്ഡാലകുലത്തിൽ പിറക്കട്ടെയെന്ന് പാർവതി മനസ്വിനിയെ ശപിച്ചു.കോപമടങ്ങിയപ്പോൾ ദേവിക്ക് മനസ്വിനിയോട് സഹതാപം തോന്നി.ചണ്ഡാലകുലത്തിലെ ഉത്തമനായ ഒരുവൻറെ മകളായി ജനിക്കുമെന്നും കന്യകാത്വം നഷ്ടപ്പെടും മുമ്പ് ശിവപുത്രനെ മുലയൂട്ടാൻ ഭാഗ്യമുണ്ടായാൽ ശാപമോക്ഷം ഉണ്ടാകുമെന്നും ദേവി അന്ന് അരുൾ ചെയ്തു.

ഭഗവാൻ കൂളിവാകയെ കണ്ടുമുട്ടിയതും അവളിൽ കാമാതുരനായതും വിധിനിർണയമാണെന്നും അഹങ്കാരിയായ ജലന്ധരൻറെ നിഗ്രഹം ഒരു പുതിയ അവതാരത്തിലൂടെ നടക്കേണ്ട കാലമായെന്നും ദേവി അവളെ അറിയിച്ചു. അതിനാൽ പർവ്വതിദേവി വേട തരുണിയുടെ രൂപം ധരിച്ചു മായാ കൂളിവാകയായി ശ്രീ പരമേശ്വരനെ സ്വീകരിച്ചുകൊള്ളാമെന്ന് അരുളി ചെയ്ത് ആ സാഥ്വിയെ യാത്രയാക്കി.തന്റെ എല്ലാ ഭയാശങ്കകളും മാറികിട്ടിയ കൂളിവാകയും സന്തുഷ്ടയായി.

ഭഗവാൻ പരമേശ്വരൻറെ വരവും കാത്തു വരിക്ക പ്ലാവിൻറെ നീണ്ട കൊമ്പിൽ കെട്ടിയ വള്ളിയൂഞ്ഞാലിൽ മായാകൂളിവാക ആടിക്കൊണ്ടിരുന്നപ്പോൾ നായാട്ടു ക്ഷീണവുമായി ഭഗവാൻ തിരികെയെത്തി.

മായാകൂളിവാകയായ ശ്രീ പാർവ്വതിയിൽ ജനിച്ച ശിശുവിന് നല്ലൊരു കാട്ടുപോത്തിൻ കുട്ടിയെ കാവലിനാക്കിയ ഭഗവാൻ വളരുമ്പോൾ ശിശുവിന് വാഹനമായും ആ മഹിഷത്തെ നിയോഗിച്ചു. തിരികെ കൈലാസത്തിലെത്തിയ ഭഗവാൻ ശ്രീ പാർവ്വതിയോട് ആ കുട്ടിയെ അനുഗ്രഹിച്ചതിനുശേഷം കൂളിവാകയെ ഏല്പിക്കാൻ അരുളിച്ചെയ്തു. ഉടനെത്തന്നെ കൂളിവനത്തിലെത്തിയ പർവ്വതിദേവി ശിശുവിന് വിഷ്ണുമായ എന്ന് നാമകരണം ചെയ്‌ത്‌ കൂളീവാകയ്ക്കു കുഞ്ഞിനെ നൽകി.

വിഷ്ണുമായ ഏഴുവയസ്സുവരെ കൂളിവാകക്കരുകിൽ വളർന്നു. തൻറെ ഇഷ്ടവാഹനമായ പോത്തിൻ പുറത്തേറി ഇഷ്ടവാദ്യമായ ഈഴാറയുമായിവനത്തിൽ വിഹരിച്ചിരുന്ന വിഷ്ണുമായ, മലയർക്ക് കണ്ണിലുണ്ണിയായിരുന്നു. മലയരുടെ കഷ്ടപാടുകളിൽ വിഷ്ണുമായ അവരോടൊപ്പം നിന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കാനനവാസികളെ രക്ഷിക്കുന്നതിൽ വിഷ്ണുമായ ശ്രദ്ധാലുവായിരുന്നു. വിഷ്ണുമായയ്ക്ക് ഏഴുവയസ്സു തികഞ്ഞപ്പോൾ വനവാസികളെല്ലാവരും ചേർന്ന് അതിഗംഭീരമായ ഒരു സദ്യ നടത്തി.പിറന്നാൾ വിഭവങ്ങളൊരുക്കാൻ വിഷ്ണുമായയും അവരോടൊപ്പം ചേർന്നു.

അമൃത സമാനമായ ആ സദ്യ എല്ലാവർക്കും വളരെ ഇഷ്ടമായി.തദവസരത്തിൽ ത്രികാലജ്ഞാനിയായ നാരദൻ അവിടെയെത്തി. വിഷ്ണുമായയെ കണ്ട് ആഹ്ളാദചിത്തനായ നാരദൻ അവൻറെ മാതാപിതാക്കൾ പാർവ്വതി പരമേശ്വരന്മാരാണെന്നും അവരെ കൈലാസത്തിൽ ചെന്ന് കണ്ടു അനുഗ്രഹം തേടണമെന്നും ഉപദേശിച്ചു. ജലന്ധര നിഗ്രഹമാണ് വിഷ്ണുമായയുടെ അവതാരലക്ഷ്യമെന്നും അത് നിർവഹിക്കേണ്ട സമയമായെന്നും നാരദൻ വിഷ്ണുമായയെയും കൂളിവാകയെയും അറിയിച്ചു. ജന്മരഹസ്യവും താൻ നിർവഹിക്കേണ്ട ദൗത്യവും മനസിലാക്കിയപ്പോൾ അവനു അഭിമാനവും പരിഭ്രമവും ഒരേ സമയം ഉണ്ടായി.

ബാല്യം പിന്നിടാത്ത തനിക്ക് ശക്തനായ ജലന്ധരനെ വധിക്കാനുള്ള ശക്തി കരഗതമാവണമെങ്കിൽ പാർവ്വതീ പരമേശ്വരൻമാരുടെ അനുഗ്രഹം കൂടിയേ തീരു എന്ന് വിഷ്ണുമായക്ക് മനസിലായി. യാത്രാനുമതിക്കായി അവൻ കൂളിവാകയെ സമീപിച്ചു. യാത്ര ചോദിക്കാനെത്തിയ വിഷ്ണുമായയെ, കൂളിവാക വാരി പുണർന്നു. ഇന്നോളം തന്റെ മകനിൽ നിന്ന് അവന്റെ അച്ഛനമ്മമാർ ആരാണെന്ന കാര്യം മറച്ചുവച്ചതിനു അവൾ മാപ്പിരന്നു.

വളർത്തമ്മയുടേയും തോഴരുടെയും അനുവാദത്തോടെ വിഷ്ണുമായ കൈലാസത്തിലേക്കുള്ള യാത്ര .ആരംഭിച്ചു. പോത്തിൻ പുറമേറി ഇഴാറ മൂളിച്ചുകൊണ്ടുള്ള ഈ രൂപത്തിൽ, തന്നെ നന്ദികേശനും കൂട്ടരും അകത്തേക്കു വിടില്ലെന്ന് വിഷ്ണുമായക്ക് മനസിലായി. ഒരു മാത്ര വിഷ്ണുമായ മഹാവിഷ്ണുവിനെ ധ്യാനിച്ചു. മുമ്പ് പലപ്പോഴും തനിക്ക് പ്രാപിക്കാൻ കഴിഞ്ഞിട്ടുള്ള വിഷ്ണുരൂപം ഉടൻ കൈവന്നു. വിഷ്ണു രൂപത്തിലെത്തിയ വിഷ്ണുമായയെ നന്ദികേശൻ ശിവ പാർവ്വതിമാരുടെ സവിധത്തിലെത്തിച്ചു. ശിവസന്നിദിയിലെത്തിയ പുത്രനെ കണ്ട് അദ്ദേഹം അമ്പരന്നു. തൻറെ മാതാപിതാക്കളുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ച വിഷ്ണുമായയെ ശിവപാർവ്വതിമാർ ആലിംഗനം ചെയ്ത് മടിയിലിരുത്തി.

ജലന്ധര വധത്തിനാവശ്യമായ എല്ലാ രഹസ്യങ്ങളും പരമശിവൻ വിഷ്ണുമായക്ക് പറഞ്ഞു കൊടുത്തു. കൂടാതെ ബ്രഹ്മാവിൽ നിന്നും ഇഷ്ടവരം നേടി ഭൂമി വിറപ്പിച്ചിരുന്ന ഭൃംഗനെ നിഗ്രഹിക്കാനായി പാർവ്വതി, ചതുരുപായങ്ങളും അതിശക്തമായ കുറുവടികളും നൽകി ആശീർവദിച്ചു.

തന്റെ അന്തകനാകാൻ വിഷ്ണുമായ സ്വാമി സജ്ജനായതറിയാതെ ദേവേന്ദ്രനിൽ നിന്നും ലഭിച്ച വരം കൊണ്ട് ശക്തിയാർജ്ജിച്ച ജലന്ധരൻ ത്രിലോകങ്ങളിലും ഭീതി പരത്തുകയായിരുന്നു. വര ലബ്ധിയാൽ അന്ധനായ ജലന്ധരൻ, നാരദൻറെ ഏഷണിയാൽ വശം വദനായി ശിവപത്നിയായ ശ്രീ പാർവ്വതിയെ വേൾക്കാൻ തുനിഞ്ഞിറങ്ങി. കൈലാസത്തിലെത്തിയ ജലന്ധരൻ ശിവപരമാത്മാവിനെ യുദ്ധത്തിനു വിളിച്ചു.ശ്രീ പരമേശ്വരൻ വിഷ്ണുമായയെ അർത്ഥഗർഭമായി ഒന്നു നോക്കിമാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ വിഷ്ണുമായസ്വാമി, ജലന്ധരനോടെതിരിട്ടു.

ജലന്ധര നിഗ്രഹത്തോടെ വിഷ്ണുമായസ്വാമിയുടെ ശത്രു നിഗ്രഹശേഷി ശ്ലാഖിക്കപ്പെട്ടു. ദേവേന്ദ്രൻ ഭഗവാനെ സ്വർഗ്ഗലോകത്തേക്കു ക്ഷണിച്ചു എന്നാൽ ജനസേവനത്തിൻറെ മഹനീയ രംഗം ഭൂമിയിലാണെന്നും തന്റെ ദൗത്യം നിർവഹിക്കേണ്ടത് ഭൂമിയിലാണെന്നും അറിയിച്ചു ഭഗവാൻ ശ്രീ വിഷ്ണുമായ സ്വാമി ഭൂമിയിലേക്ക് തിരിച്ചു.

ഇതിനിടെ ഭൃംഗനെന്ന അസുരൻ വിഷ്ണുമായ സ്വാമിയുടെ വളർത്തമ്മയായ കൂളിവാകയെ സ്വന്തമാക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ വിഷ്ണുമായ ഭൃംഗസുരനുമായി ഏറ്റുമുട്ടി. വലിയൊരു സൈന്യത്തിൻറെ പിൻബലം അസുരനുണ്ടായിരുന്നു. അനുചരൻ കരിങ്കുട്ടിയോടൊപ്പം വിഷ്ണുമായ സ്വാമി യുദ്ധത്തിൽ മുന്നേറി. പോരിനിടയിൽ വിഷ്ണുമായയ്ക്ക് മുറിവേറ്റു. രക്തം ഭൂമിയിൽ പതിച്ച മാത്രയിൽ അതിൽ നിന്ന് നാനൂറ് കുട്ടിച്ചാത്തന്മാർ ജന്മമെടുത്തു. അപ്പോൾ ഭൃംഗാസുരൻ ബ്രഹ്മദത്തമായ പത്തു അസ്ത്രങ്ങൾ വിഷ്ണുമായയ്‌ക്കെതിരെ പ്രയോഗിച്ചു. ആ മാരകാസ്ത്രങ്ങൾ വിഴുങ്ങി പത്തു കുട്ടിച്ചാത്തന്മാർ ആത്മാഹുതി ചെയ്തു. ശേഷിച്ച 390 കുട്ടിച്ചാത്തന്മാർ ഭൃംഗൻറെ സൈന്യത്തെ കൊന്നൊടുക്കി. ഒടുവിൽ അതിശക്തമായ തൻറെ കുറുവടികൾ ചുഴറ്റിയെറിഞ്ഞു വിഷ്ണുമായ ഭൃംഗാസുരൻറെ കഥ കഴിച്ചു.

പിന്നീട് രാമാവതാരത്തിൽ രാവണാദികളെ നിഗ്രഹിക്കാൻ രാമന് സഹായകമായി ഭവിച്ചത് വിഷ്ണുമായ തേജസ്സ് ഉൾക്കൊണ്ട വില്ലും ശരങ്ങളുമാണ്. അതുപോലെ കൃഷ്ണാവതാരത്തിൽ ചക്രരൂപത്തിൽ അവതരിച്ചതും ഇപ്പോൾ കലിയുഗത്തിൽ ഭൂരക്ഷകനായി വർത്തിക്കുന്നതും സാക്ഷാൽ ശ്രീ വിഷ്ണുമായ സ്വാമിയാണ്.

ഓരോ യുഗത്തിലും കാലാനുസൃതമായി വർത്തിച്ച വിഷ്ണുമായ സ്വാമിയേ ഭജിക്കുകയല്ലാതെ കലികാലത്തിൽ നിന്നും രക്ഷ പ്രാപിയ്ക്കാനാവില്ല നൂറ്റാണ്ടുകൾക്ക് മുൻപ് ഈ ദിവ്യചൈതന്യത്തെ പ്രാപിച്ചു ഉപാസിച്ചു വന്ന കോതാചാര്യരുടെയും അവരുടെ സന്താന പരമ്പരയായ കരിയാചാര്യരുടെയും ഭക്തിനിർഭരമായ ഉപാസനയുടെ ഫലമാണ് ഇന്ന് സർവ്വ ദുരിതങ്ങളും അനുഭവിക്കുന്നവരുടെ ആശ്വാസകേന്ദ്രമായി വർത്തിക്കുന്ന കാളിയാർ മഠം. രക്ഷകനും ശിക്ഷകനുമാണ് വിഷ്ണുമായ സ്വാമി. രക്ഷ പ്രാപിച്ചെത്തുന്നവർക്ക് അഭയാനുഗ്രഹം നൽകി ജീവിത ദുരിതത്തിൽ നിന്ന് മോചനം നൽകി സംരക്ഷിക്കുന്ന ഭക്തവത്സലനായ കാരുണ്യമൂർത്തിയാണ് വിഷ്ണുമായ സ്വാമി.